കൊച്ചി: ഒൻപത് മാസത്തിനിടെ രാജ്യത്ത് 1400 കോടിയിലേറെ രൂപയുടെ സൈബർ തട്ടിപ്പുകൾ തടയാൻ കഴിഞ്ഞതായി ടെലികോം ഡയറക്ടർ ജനറൽ രമേശ്കുമാർ ഗോയൽ പറഞ്ഞു. ടെലികോം ദക്ഷിണ മേഖലാ വാർഷിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ടെലികോം വകുപ്പിന്റെയും വിവിധ അന്വേഷണ ഏജൻസികളുടെയും ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കിയത്. തട്ടിപ്പിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അഞ്ച് കോടിയിലധികം സംശയാസ്പദ ഫോൺ കണക്ഷനുകൾ രണ്ട് വർഷത്തിനിടെ റദ്ദാക്കി. നഷ്ടപ്പെട്ട 8.5 ലക്ഷം മൊബൈൽ ഫോണുകൾ പോലീസ് ഇടപെടലിലൂടെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരിൽ എത്ര കണക്ഷനുകളുണ്ടെന്ന് അറിയാനും സഹായിക്കുന്ന ‘സഞ്ചാർ സാഥി’ പോർട്ടൽ ഒരു പ്രധാന സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷത്തിനിടെ 24 കോടി ആളുകൾ സഞ്ചാർ സാഥി പോർട്ടൽ സന്ദർശിച്ചതായും 1.9 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.